ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച ജന്തർ മന്തർ 2.0 പ്രക്ഷോഭത്തിന് മുന്നോടിയായി ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. ശനിയാഴ്ച നടക്കാനിരിക്കുന്ന പ്രതിഷേധം നേരിടാൻ വൻ സുരക്ഷാസന്നാഹങ്ങളാണ് ഡൽഹി പൊലിസ് ഒരുക്കിയിരിക്കുന്നത്. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന് യുവാക്കളെ പൊലിസ് തടങ്കലിലാക്കിയതായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ ആരോപിച്ചു.
ഇത്തരം നീക്കങ്ങൾ യുവാക്കളെ പിന്തിരിപ്പിക്കില്ലെന്നും എന്തുതന്നെ സംഭവിച്ചാലും ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രക്ഷോഭത്തിൽ സ്ത്രീകളുടെ വലിയ പങ്കാളിത്തമുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്ന് കൂടുതൽ വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കുന്നുണ്ട്. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ഏകദേശം 500 വനിതാ അർധസൈനിക ഉദ്യോഗസ്ഥരെ കൂടി നിയോഗിക്കാനാണ് തീരുമാനം.
11,000 ത്തിലധികം അധിക അർധസൈനികരെ വിന്യസിക്കുന്നതിന് പുറമെയാണ് അഞ്ച് കമ്പനി വനിതാ ഉദ്യോഗസ്ഥരെ കൂടി രംഗത്തിറക്കുന്നത്. ഇതോടെ കേന്ദ്ര സായുധ പൊലിസ് സേനയുടെ ആകെ അംഗബലം ഏകദേശം 26,000 ആയി ഉയരും. 2020ലെ ഡൽഹി കലാപത്തിനുശേഷം തലസ്ഥാനത്ത് ഇത്രയധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ആദ്യമായാണെന്നാണ് റിപ്പോർട്ട്.
അതേസമയം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന എല്ലാ മെയിൽ, എക്സ്പ്രസ് ട്രെയിനുകളും റദ്ദാക്കിയതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. സ്റ്റേഷനുകൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാനുള്ള സാധ്യതയാണ് നടപടിക്ക് കാരണമായി വിശദീകരിക്കുന്നത്. എന്നാൽ സിജെപിയുടെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നവരെ തടയുന്നതിന്റെ ഭാഗമായാണ് ട്രെയിനുകൾ റദ്ദാക്കിയതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.